വളരെ നാളുകള്‍ക്കു ശേഷം വിശപ്പിന്‍റെ വിളി അറിഞ്ഞു കൊണ്ടാണ് ഇന്ന് ഓഫീസില്‍ നിന്നും ഇറങ്ങിയത്,എന്തോ, സെല്‍ഫ് കുക്കിംഗ് എന്ന പാതകം തുടങ്ങിയതിനു ശേഷം വിശപ്പ് വലുതായി ഉണ്ടാകാത്തതാണ്... എന്തും വരട്ടെ എന്ന് കരുതി അവിടുന്ന് ഇറങ്ങിയെങ്കിലും മൃദുവിനെ കാണാനില്ല.
ഡാന്‍സ് പഠിക്കാനെന്നും പറഞ്ഞ ഇറങ്ങിയതാണ് കക്ഷി, കയ്യും കാലും ഉളുക്കി വല്ലോടത്തും ഇരിപ്പുണ്ടാകുമോ എന്നാലോചിച്ചും കൊണ്ട് നില്‍ക്കുബോഴാണ് വലിയൊരു ചിരിയും പാസാക്കി food court- ല്‍ നിന്നും ദേ നടന്നു വരുന്നു... അവള്‍ നന്നായി കിതക്കുന്നുണ്ടായിരുന്നു, ആര്‍ത്തട്ടഹസിച്ചു ചിരിച്ചാല്‍ പിന്നെ എങ്ങനെ കിതക്കാതിരിക്കും ...!!!!! ദിലീപിന്‍റെ( ഞങ്ങടെ ട്രെയിനിംഗ് ക്ലാസ്സിലെ ഉയരം കൂടിയ മനുഷ്യന്‍,കൊടി മരം എന്നും പറയാം) സ്റ്റെപ് കണ്ടു അന്ധാളിച്ചു വരുന്ന വഴിയാ.. 'എന്നത്തേയും പോലെ ഇന്നും' ഹോസ്റ്റെലിലെതിയാല്‍ ഞാനും ഇതെല്ലാം പഠിക്കണ്ടേ എന്നാലോചിച്ചപ്പോള്‍ എന്റെ നെഞ്ചും ഒന്ന് പിടച്ചു..
അങ്ങനെ രണ്ടു സ്റ്റെപ് ഒക്കെ ഇട്ടു നടന്ന്, ഞങ്ങള്‍ cab- നടുതെത്തി,'എന്നത്തേയും പോലെ ഇന്നും' ഒരു കൂട്ടം ജനങ്ങള്‍. കലപിലകള്‍ക്കിടയില്‍ മലയാളം ഒന്നുച്ചത്തില്‍ പറയാമെന്നു കരുതി നാവു വളച്ചതും ദേ, നില്‍ക്കുന്നു 'സഹാന',(ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ചേ അടങ്ങൂ എന്ന് പറഞ്ഞു നടക്കുന്ന കക്ഷിയാ...) പിന്നെ മലയാളം ഇംഗ്ലീഷില്‍ പറയാന്‍ തുടങ്ങി..ഞങ്ങടെ വിഷമം കണ്ടിട്ടാണെന്ന് തോന്നുന്നു cab ഡ്രൈവര്‍ പെട്ടെന്ന് തന്നെ വണ്ടിയെടുത്തു..! ജാസ്സി ഗിഫ്റ്റിന്റെ നല്ലൊരു കൂതറ മലയാളം പാട്ടും വച്ച് തന്നു. ഇതിനെല്ലാം ഡ്രൈവറോട് നന്ദി പറയണമെന്നുണ്ടെങ്കിലും 'എന്നത്തേയും പോലെ ഇന്നും ' അത് അവിടെ ബാക്കി വച്ച് ഞങ്ങള്‍ ഇറങ്ങി നടന്നു.
ഹോസ്റ്റെലിലോട്ടല്ല ATM-ല്‍ വല്ലതും ഉണ്ടോ എന്നറിയാന്‍ കയറിയതാ.. എവിടുന്ന്, അവിടെ കയ്യിട്ടിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ട് എന്നാ പിന്നെ ഇനിയങ്ങു കൂടണഞ്ഞു കളയാം എന്ന് കരുതി, പക്ഷെ ഹോസ്റ്റെലിലെത്തി ഭക്ഷണം ഉണ്ടാക്കന്നമെന്നാലോചിച്ചപോള്‍ വിശപ്പിനോടൊപ്പം ഞങ്ങളും നേരെ 'സാഗരി'ലെക്ക്(ഇത് ഞമ്മടെ കോയിക്കോടന്‍ 'സാഗര്‍' അല്ലാട്ടോ .. ഇവിടുത്തെ മലയാളീ മെസ്സാ) കയറി. അവിടെയെത്തിയപ്പോള്‍ 'എന്നത്തേയും പോലെ ഇന്നും' ദോശ.
ഒരു ദോശ മതിയോ എന്ന്ഗഹനമായി ആലോചിച്ചിരിക്കുമ്പോള്‍ ആണ് ആ രണ്ടു കുട്ടികള്‍ അങ്ങോട്ട് കയറി വന്നത് , ഒരു കുഞ്ഞു മോളും(മൂന്നു വയസ്സ് കാണും ) കൂടെ അതിന്‍റെ ചേച്ചിയും... അവള്‍ക്ക് കുട്ടി ദോശ വേണം എന്ന് പറഞ്ഞപ്പോള്‍ ഒരു വലിയ ദോശയും കൂടെ ഒരു omlet- ഉം വാങ്ങിച്ചു കൊടുത്ത് കയ്യിലോതുക്കി വച്ചിരിക്കുന്ന നോട്ടിലെക്ക് ഒന്ന് കണ്ണോടിച്ചു,പിന്നെ അവളെ നോക്കി ഒന്ന് കണ്ണിറുക്കി , ചെറിയൊരു ചിരിയും പാസ്സാക്കി (അത് ചിരിയായിരുന്നോ എന്നോന്നമര്‍ത്തി ചോദിച്ചാല്‍ എനിക്ക് ഉത്തരമുണ്ടാവില്ല ..!!) ആ ചേച്ചിയുടെ അനിയത്തിക്കുട്ടിയോടെനിക്ക് ചെറിയൊരു അസൂയ തോന്നി എന്നത് പരമാര്‍ത്ഥം ... ''
ഇത്തരം കാഴ്ചകള്‍ പുതിയതല്ലെങ്കിലും , എല്ലാരേയും ഒരു കുടക്കുള്ളില്‍ അണിനിരത്താന്‍ കഴിയാതെ പോയ എപ്പോഴും നമ്മോട് കൂടെയുള്ള ആ ശക്തിയോട് ഞാനറിയതോന്നു പരിഭവിച്ചു പോയി ... എന്നിട്ടും 'എന്നത്തേയും പോലെ ഇന്നും' എനിക്കവരെ അവിടെ ഉപേക്ഷിച്ചു പോരേണ്ടി വന്നു....
